Monday, November 16, 2020

നീ എനിക്കാര്?

എന്നോമനേ നീ എനിക്കാര്?


സഖിയോ കാന്തയോ അതിലുമപ്പുറമോ?


എൻ കൂടെ നടക്കുമ്പോൾ സഖിയായി നീ


എന്റെ മക്കളെ പെറ്റപ്പോൾ ഭാര്യയായി 


എന്നെ ശകാരിക്കാൻ അമ്മയായി


എന്നോമനേ നീ എനിക്കാര്?


നിന്റെ ലോലമാം അധരത്തിൽ ചുണ്ടമർത്തവെ 


നിന്റെ ചുഴിയാര്ന്ന നാഭിയിൽ നാവിറക്കവെ 


യെൻ ധമനിയിൽ രക്തം ഇരമ്പിയെത്തി 


അവിടെ നീ യെൻ കാമിനിയായി


മനസ്സിൻ ചാഞ്ചാട്ടത്തിൽ ഞാനുഴലുമ്പോൾ 


അറിയുന്നു ഞാൻ നിൻ നൊമ്പരങ്ങൾ 


എന്നോട് നീ പൊറുക്കുകില്ലേ?


ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ 


എന്നോട് കൂടെ നീ കാണുകില്ലേ?


Monday, November 2, 2020

ചമ്പാഗ്നി The real fire


അഞ്ചെട്ടു വര്ഷം മുൻപത്തെ കാര്യം ആണ്, അന്നൊക്കെ മിക്കവാറും വെള്ളിയാഴ്ചകളിൽ ഞങ്ങൾ എന്റെ സുഹൃത്തും വഴികാട്ടിയും സർവോപരി പാലക്കാരനും  ജേഷ്ഠസ്ഥാനീയനും ആയ ജോൺസന്റെ വീട്ടിൽ ആയിരുന്നു  കൂടിയിരുന്നത്. 


അന്ന് ഒരു വെള്ളിയാഴ്ച  അഞ്ചു മണിയോടെ ഞങ്ങൾ ഓഫീസ് വിട്ടു ഇറങ്ങാൻ നേരം കൂട്ടുകാരനായ രാജേഷ് വന്നു പറഞ്ഞു "ഡേയ് കൃഷ്ണ, ഉങ്ക കൂടെ നാനും വരേണ്ട"


ഞങ്ങൾ Spadina യിലുള്ള LCBO (ബീവറേജസ്) ലക്ഷ്യമാക്കി നടന്നു. അതൊരു ജനുവരി മാസം ആണ്, നല്ല മഞ്ഞു പെയ്യുന്നുണ്ട്, ഏകദേശം ഒരു -15  ഡിഗ്രികാണും, ഒടുക്കത്തെ  കാറ്റ്  തണുപ്പ് ഇരട്ടിയാക്കി, ഒരു വിധം അവിടെ ചെന്നപ്പോ ഒരു പൂരത്തിന്റെ തിരക്ക്, ഇവന്മാർക്കൊക്കെ വീട്ടിൽ കുത്തിയിരുന്നൂടെ?


എന്റേം ജോൺസന്റെയും ഷോപ്പിംഗ് വേഗം കഴിഞ്ഞു, സന്തോഷം ഒട്ടും ആഗ്രഹിക്കാത്ത ജോൺസൻ അസന്തോഷൻ (അഹോന്റോഷൻ  Auchentoshan) കയ്യിൽ ഒതുക്കി, ഞാൻ ഏതോ കോന്യക്  ആണെന്ന് തോന്നുന്നു എടുത്തേ, ഞങ്ങൾ ഒരു വരിയിൽനിന്നു , ഒരു രക്ഷയുമില്ലാത്ത ലൈൻ ആണു.


സമയം കുറച്ചു കഴിഞ്ഞു രാജപ്പനെ കാണുന്നില്ല,ഇവനിതെവിടെ പോയി?


കുറച്ചു കൂടി കഴിഞ്ഞു അവൻ വന്നു ഞങ്ങളോട് പറഞ്ഞു 

"പോണ വാട്ടി നാൻ ഒരു ബ്രാൻഡ് വാങ്ങണേ ഡാ ,  അത്ക്കു  പേര് "ചംപാഗ്നി" സമ ഐറ്റം ഡാ, അതിപ്പോ കാണാ , കൊഞ്ചം വാടാ"


ഞാൻ ജോൺസന്റെ മുഖത്തു നോക്കി, "ചംപാഗ്നി യോ? അതേതാ സാധനം? നമ്മള്  കേട്ടട്ടില്ലല്ലോ ? "

ജോൺസൻ പറഞ്ഞു "പേര് കേട്ടിട്ട്  ഒരു ഇന്ത്യൻ സാധനം പോലുണ്ട്, പക്ഷെ അമൃത് അല്ലാതെ വേറെ ഇന്ത്യൻ ഒന്നും ഇവിടെ ഇല്ലല്ലോ?"

"പുതിയത് ആവും, ചമ്പ - അഗ്നി ,കൊള്ളാം പൊളിച്ചു ,  ഒന്നു പോയി നോക്കാം"


"ഇത്ര നേരം നിന്നില്ല, ഇനി പോയി വരുമ്പോഴേക്കും ലൈൻ ഡബിൾ ആവും, പോണോ ?" ജോൺസൻ ചോദിച്ചു.


എന്റെ ജോൺസാ ഈ തണുപ്പത്തു നമ്മുടെ കയ്യിലിരിക്കുന്നതൊന്നും മതിയാവൂല, അഗ്നി തന്നെ വേണം അഗ്നി !!


അങ്ങനെ ഞങ്ങൾ അവിടെ ഉള്ള ഹാർഡ് ലിക്വർ അയൽസ് മൊത്തം തപ്പി നോക്കി അവിടെങ്ങും ഈ സാധനം ഇല്ല, ഇനി ഇപ്പൊ ഈ ലൊക്കേഷനിൽ കാണില്ല എന്ന് കരുതി തിരികെ പോരാൻ നേരം അങ്ങ് മൂലയിൽ നോക്കി അവൻ പറഞ്ഞു "ഡേയ് ഇത് താൻടാ ഇത് താൻ", എന്നിട്ടു പഞ്ഞി മുട്ടായി കണ്ട കുഞ്ഞു പൈതലിനെ പോലെ അവൻ അങ്ങോട്ട് ഓടി. ഞങ്ങൾ പിന്നലെയും.


ഒരു കുപ്പിയെടുത്തു മാറോടു ചേർത്ത് അവൻ പറഞ്ഞു "എങ്കയെല്ലാം പാത്തെ "


ഞങ്ങൾ മുകളിലോട്ടു നോക്കി അവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു CHAMPAGNE.


Yes, you heard it right  ചംപാഗ്നി!!