Monday, November 16, 2020

നീ എനിക്കാര്?

എന്നോമനേ നീ എനിക്കാര്?


സഖിയോ കാന്തയോ അതിലുമപ്പുറമോ?


എൻ കൂടെ നടക്കുമ്പോൾ സഖിയായി നീ


എന്റെ മക്കളെ പെറ്റപ്പോൾ ഭാര്യയായി 


എന്നെ ശകാരിക്കാൻ അമ്മയായി


എന്നോമനേ നീ എനിക്കാര്?


നിന്റെ ലോലമാം അധരത്തിൽ ചുണ്ടമർത്തവെ 


നിന്റെ ചുഴിയാര്ന്ന നാഭിയിൽ നാവിറക്കവെ 


യെൻ ധമനിയിൽ രക്തം ഇരമ്പിയെത്തി 


അവിടെ നീ യെൻ കാമിനിയായി


മനസ്സിൻ ചാഞ്ചാട്ടത്തിൽ ഞാനുഴലുമ്പോൾ 


അറിയുന്നു ഞാൻ നിൻ നൊമ്പരങ്ങൾ 


എന്നോട് നീ പൊറുക്കുകില്ലേ?


ഇനിയും ഒരുപാട് ദൂരം യാത്ര ചെയ്യാൻ 


എന്നോട് കൂടെ നീ കാണുകില്ലേ?


Monday, November 2, 2020

ചമ്പാഗ്നി The real fire


അഞ്ചെട്ടു വര്ഷം മുൻപത്തെ കാര്യം ആണ്, അന്നൊക്കെ മിക്കവാറും വെള്ളിയാഴ്ചകളിൽ ഞങ്ങൾ എന്റെ സുഹൃത്തും വഴികാട്ടിയും സർവോപരി പാലക്കാരനും  ജേഷ്ഠസ്ഥാനീയനും ആയ ജോൺസന്റെ വീട്ടിൽ ആയിരുന്നു  കൂടിയിരുന്നത്. 


അന്ന് ഒരു വെള്ളിയാഴ്ച  അഞ്ചു മണിയോടെ ഞങ്ങൾ ഓഫീസ് വിട്ടു ഇറങ്ങാൻ നേരം കൂട്ടുകാരനായ രാജേഷ് വന്നു പറഞ്ഞു "ഡേയ് കൃഷ്ണ, ഉങ്ക കൂടെ നാനും വരേണ്ട"


ഞങ്ങൾ Spadina യിലുള്ള LCBO (ബീവറേജസ്) ലക്ഷ്യമാക്കി നടന്നു. അതൊരു ജനുവരി മാസം ആണ്, നല്ല മഞ്ഞു പെയ്യുന്നുണ്ട്, ഏകദേശം ഒരു -15  ഡിഗ്രികാണും, ഒടുക്കത്തെ  കാറ്റ്  തണുപ്പ് ഇരട്ടിയാക്കി, ഒരു വിധം അവിടെ ചെന്നപ്പോ ഒരു പൂരത്തിന്റെ തിരക്ക്, ഇവന്മാർക്കൊക്കെ വീട്ടിൽ കുത്തിയിരുന്നൂടെ?


എന്റേം ജോൺസന്റെയും ഷോപ്പിംഗ് വേഗം കഴിഞ്ഞു, സന്തോഷം ഒട്ടും ആഗ്രഹിക്കാത്ത ജോൺസൻ അസന്തോഷൻ (അഹോന്റോഷൻ  Auchentoshan) കയ്യിൽ ഒതുക്കി, ഞാൻ ഏതോ കോന്യക്  ആണെന്ന് തോന്നുന്നു എടുത്തേ, ഞങ്ങൾ ഒരു വരിയിൽനിന്നു , ഒരു രക്ഷയുമില്ലാത്ത ലൈൻ ആണു.


സമയം കുറച്ചു കഴിഞ്ഞു രാജപ്പനെ കാണുന്നില്ല,ഇവനിതെവിടെ പോയി?


കുറച്ചു കൂടി കഴിഞ്ഞു അവൻ വന്നു ഞങ്ങളോട് പറഞ്ഞു 

"പോണ വാട്ടി നാൻ ഒരു ബ്രാൻഡ് വാങ്ങണേ ഡാ ,  അത്ക്കു  പേര് "ചംപാഗ്നി" സമ ഐറ്റം ഡാ, അതിപ്പോ കാണാ , കൊഞ്ചം വാടാ"


ഞാൻ ജോൺസന്റെ മുഖത്തു നോക്കി, "ചംപാഗ്നി യോ? അതേതാ സാധനം? നമ്മള്  കേട്ടട്ടില്ലല്ലോ ? "

ജോൺസൻ പറഞ്ഞു "പേര് കേട്ടിട്ട്  ഒരു ഇന്ത്യൻ സാധനം പോലുണ്ട്, പക്ഷെ അമൃത് അല്ലാതെ വേറെ ഇന്ത്യൻ ഒന്നും ഇവിടെ ഇല്ലല്ലോ?"

"പുതിയത് ആവും, ചമ്പ - അഗ്നി ,കൊള്ളാം പൊളിച്ചു ,  ഒന്നു പോയി നോക്കാം"


"ഇത്ര നേരം നിന്നില്ല, ഇനി പോയി വരുമ്പോഴേക്കും ലൈൻ ഡബിൾ ആവും, പോണോ ?" ജോൺസൻ ചോദിച്ചു.


എന്റെ ജോൺസാ ഈ തണുപ്പത്തു നമ്മുടെ കയ്യിലിരിക്കുന്നതൊന്നും മതിയാവൂല, അഗ്നി തന്നെ വേണം അഗ്നി !!


അങ്ങനെ ഞങ്ങൾ അവിടെ ഉള്ള ഹാർഡ് ലിക്വർ അയൽസ് മൊത്തം തപ്പി നോക്കി അവിടെങ്ങും ഈ സാധനം ഇല്ല, ഇനി ഇപ്പൊ ഈ ലൊക്കേഷനിൽ കാണില്ല എന്ന് കരുതി തിരികെ പോരാൻ നേരം അങ്ങ് മൂലയിൽ നോക്കി അവൻ പറഞ്ഞു "ഡേയ് ഇത് താൻടാ ഇത് താൻ", എന്നിട്ടു പഞ്ഞി മുട്ടായി കണ്ട കുഞ്ഞു പൈതലിനെ പോലെ അവൻ അങ്ങോട്ട് ഓടി. ഞങ്ങൾ പിന്നലെയും.


ഒരു കുപ്പിയെടുത്തു മാറോടു ചേർത്ത് അവൻ പറഞ്ഞു "എങ്കയെല്ലാം പാത്തെ "


ഞങ്ങൾ മുകളിലോട്ടു നോക്കി അവിടെ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരിക്കുന്നു CHAMPAGNE.


Yes, you heard it right  ചംപാഗ്നി!!


Saturday, February 1, 2020

അബ്ദുട്ടിക്ക

2008 ജൂൺ മാസം, ഞാൻ വിപ്രോ കൊച്ചിയിൽ നിന്നും ബാംഗ്ലൂരിലേക്ക് മാറി. ആദ്യത്തെ ഒരു മാസം എനിക്ക് ബി.ടി.എം ലേഔട്ട് വിപ്രോ ഗസ്റ്റ് ഹൗസിൽ താമസ സൗകര്യം കിട്ടി. അതേ സമയം തന്നെ എന്റെ കൂട്ടുകാരായ സജനും, തോമസും, ആൻസനും കൊച്ചിയിലെ അവരുടെ ജോലി വിട്ടു ബാംഗ്ലൂർ കമ്പനികളിൽ ജോലി ചെയ്യാൻ തുടങ്ങി. അവർ മൂന്നു പേരും ആൻസന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ തത്കാലം താമസിക്കാനുള്ള ഏർപ്പാടും ചെയ്തു. മുൻപ് തീരുമാനിച്ച പോലെ ഞങ്ങൾ നാല് പേരും ഒരു വീടെടുത്തു താമസിക്കാനുള്ള അന്വേഷണം തുടങ്ങി...
മടിവാളയിൽ താമസിക്കുന്ന ഞങ്ങളുടെ ഒരു സുഹൃത്തു സിജു വഴി ഒരു മലയാളി ഏജന്റിനെ കണ്ടു, എല്ലാ ദിവസവും ജോലി കഴിഞ്ഞു വരുമ്പോൾ ഞങ്ങൾ മടിവാളയിൽ വീടുകൾ കാണും, പതിനയ്യായിരം ആയിരുന്നു ഞങ്ങളുടെ ബഡ്ജറ്റ്, അന്ന് ബാംഗ്ലൂരിൽ മര്യാദ വീട് കിട്ടാൻ അത് ധാരാളം, എന്നിട്ടും അയാൾ ഞങ്ങൾക്ക് കാണിച്ചു തന്ന വീടുകൾ കണ്ടാൽ പെറ്റമ്മ സഹിക്കില്ല.
ഞങ്ങൾക്ക് മതിയായി, ഒരു ദിവസം നിരാശരായി വരുമ്പോൾ ഒരു വീടിന്റെ ഗേറ്റിൽ ടു ലെറ്റ് ബോർഡ്, ഉടൻ തന്നെ ഞങ്ങൾ കതകിൽ മുട്ടി, അത് ഒരു പ്രൊഫസർ ഗാന്ധിയുടെ വീടായിരുന്നു, മൂപ്പര് ഗുജറാത്തി ഒന്നുമല്ല അസ്സൽ തമിഴൻ. അയാൾ ഞങ്ങൾക്ക് രണ്ടാം നിലയിലെ വീട് തുറന്നു കാണിച്ചു തന്നു, കൊള്ളാം ആരും മോശം പറയില്ല. ഞങ്ങൾ അത് ഉറപ്പിച്ചു.
ഗാന്ധി ജി പറഞ്ഞു
'ഇപ്പൊ ടോക്കൺ പതിനായിരം , മാസ വാടക പതിനയ്യായിരം , അഡ്വാൻസ് ഒന്നര ലക്ഷം, അത് ഒരാഴ്‌ചക്കുള്ളിൽ കിട്ടണം, കിട്ടിയില്ലെങ്കിൽ ടോക്കൺ പോകും '
ഞങ്ങൾ ഓക്കേ പറഞ്ഞു.
ആ വെള്ളിയാഴ്ച അവധിയായിരുന്നു, ഞങ്ങൾ എല്ലാം നാട്ടിൽ പോകാൻ പ്ലാനും ചെയ്തിരുന്നു, അത് കഴിഞ്ഞ വരുന്ന തിങ്കളാഴ്ച തന്നെ താമസം തുടങ്ങാം എന്നു പറഞ്ഞു ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. അന്ന് വൈകീട്ട് സജൻ ഏജന്റിനെ വിളിച്ചു കാര്യം പറഞ്ഞു, അയാൾക്ക് കോംപൻസെറ്റ് ചെയ്യാമെന്നും പറഞ്ഞു.
വ്യാഴാഴ്ച വൈകീട്ട് ഞങ്ങൾക്കെല്ലാം മടിവാളയിൽ നിന്നായിരുന്നു ബസ്. പോവുന്നതിനു മുമ്പ് സിജുവിന്റെ വീട്ടിൽ കൂടാം എന്ന് പ്ലാൻ ചെയ്‌തു, ഞാൻ അവിടെ എത്താൻ കുറച്ചു വൈകി, ചെല്ലുമ്പോൾ അവിടെ ഒരു കൂട്ടം, പടച്ചോനെ പണി പാളിയോ! ഞാൻ ഉള്ളിൽ കേറി, അവിടെ അഞ്ചു പത്തു തമിഴ്, തെലുഗു ഗുണ്ടാസ് ചേർന്ന് നമ്മുടെ ബ്രോസ്‌കീസിനെ ഖരാവോ ചെയ്ത് വെച്ചിരിക്കുന്നു
ഞാൻ ചോദിച്ചു എന്താ പ്രശ്നം?
സജൻ പറഞ്ഞു
'അവനു ഫുൾമന്ത് അഡ്വാൻസ് വേണം എന്ന്, പതിനയ്യായിരം രൂപ'
അപ്പോൾ ഞാൻ ചോദിച്ചു അതെങ്ങനെ ശരിയാവും?
ഞങ്ങൾ പറഞ്ഞു
'ഭായി, അഞ്ചു രൂപ തരാം, അതിൽ കൂടുതൽ അഞ്ചു പൈസ തരില്ല'
അവന്മാരുടെ മട്ടു മാറി, ഒച്ച വെക്കാൻ തുടങ്ങി, ഞങ്ങൾക്ക് അവിടെ നിന്നും പുറത്തിറങ്ങാൻ പറ്റില്ലെന്ന് പറഞ്ഞു,
സിറ്റുവേഷൻ കൈവിട്ടു പോവുമെന്നായപ്പോ അത് വരെ പിന്നിൽ മറഞ്ഞു നിന്ന ആൻസൻ ഞങ്ങളെ തട്ടി മാറ്റി മുമ്പിൽ നിന്ന് പറഞ്ഞു
'നിങ്ങൾ മാക്സിമം എന്ത് ചെയ്യും? ഞങ്ങളെ തല്ലും, ഞങ്ങൾ തല്ല് കൊള്ളും, കയ്യും കാലും ഒടിയും എന്നാലും ഇതിൽ കൂടുതൽ അഞ്ചു പൈസ ഞങ്ങടെ കയ്യിൽ നിന്നും കിട്ടില്ല'
അയ്യായിരം എടുത്തു അയാളുടെ കയ്യിൽ വെച്ച് കൊടുത്തു അവൻ പറഞ്ഞു
'അപ്പൊ ശരി കാണാം'
ഇത് കേട്ടതും കുറച്ചു പിറുപിറുത്തു കിട്ടിയ പൈസ വാങ്ങി അവർ സ്ഥലം കാലിയാക്കി.
ഞങ്ങളുടെ കണ്ണ് തള്ളി, അവന്റെ അപ്രതീക്ഷത ഹീറോയിസത്തിൽ ഞങ്ങൾ അടപടലം ഞെട്ടി, അവനെ അഭിനന്ദിക്കാൻ ഞങ്ങളുടെ കയ്യിൽ വാക്കുകൾ ഇല്ലായിരുന്നു, അതുകൊണ്ടു അഭിനന്ദിച്ചില്ല.
അങ്ങനെ ബസിൽ കയറി ഞങ്ങൾ നാട്ടിൽ എത്തി. രണ്ടു ദിവസം വേഗം പോയി.
ഞായറാഴ്ച പോരാൻ നേരം അച്ഛൻ എന്നോട് പറഞ്ഞു
'എടാ ഒരു അമ്പത് രൂപ ക്യാഷ് ഇരിപ്പുണ്ട്, അതിൽ നിന്നും നിനക്ക് ആവശ്യമുള്ളത് നീ എടുത്തു കൊണ്ട് പൊയ്ക്കോ, എനിക്ക് ഇപ്പൊ അത്ര അത്യാവശ്യം ഇല്ല'
ഞാൻ പറഞ്ഞു 'അത് വേണ്ടായിരുന്നു'
പക്ഷെ തന്നാൽ പിന്നെ വാങ്ങാതിരിക്കാൻ പറ്റില്ലല്ലോ അച്ഛനായിപ്പോയില്ലേ!
7 മണിക്ക് തൃശ്ശൂരിൽ നിന്ന് KSRTC ബസിലായിരുന്നു ടിക്കറ്റ്, അന്ന് ഞാൻ കുറച്ചു നേരത്തെ തന്നെ ബസ് സ്റ്റാൻഡിൽ എത്തി, വളരെ അപൂർവമായ ഒരു സംഭവം ആയിരുന്നു അത്, സാധാരണ ബസ് എടുക്കാൻ നേരത്തെ ഞാൻ എത്താറുണ്ടായിരുന്നുള്ളൂ. ആദ്യം തന്നെ കയറി ഞാൻ സീറ്റിൽ ഇരുന്നു, എന്റെ ബാഗ് മുകളിലും വെച്ചു, മെല്ലെ മെല്ലെ ആളുകൾ കയറിത്തുടങ്ങി.
ബസ് എടുക്കാൻ ഇനിയും 5 മിനിറ്റ് ഉണ്ട്, അപ്പൊ എനിക്കൊരു മൂത്രശങ്ക, ഞാൻ കണ്ടക്ടറോട് പറഞ്ഞു ബസിൽ നിന്നിറങ്ങി, വർക് ഷോപ്പിന്റെ സൈഡിൽ ഉള്ള കുറ്റി കാട്ടിൽ പോയി, റെസ്ട്രിക്ടഡ് ഏരിയ ആണ്, ആരും ഉണ്ടാവില്ല, കാര്യം കഴിഞ്ഞു ഞാൻ തിരിച്ചു വന്നപ്പോ വണ്ടി കാണാനില്ല, കോഴിക്കോട് ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് വണ്ടി ഇട്ടിരുന്നെ, അപ്പൊ ഞാൻ കരുതി മാറ്റി ഇട്ടു കാണുമെന്നു, സ്റ്റാൻഡ് ഫുൾ നോക്കി വണ്ടി അവിടില്ല, തമ്പുരാനെ പണി പാളി, എന്റെ നാല്പതിനായിരം.
ഞാൻ ഓടി ഓഫീസിൽ ചെന്നു സ്റ്റേഷൻ മാസ്റ്ററോട് ചോദിച്ചു
'സാറെ ഏഴു മണിയുടെ ബാംഗ്ലൂർ വണ്ടി കാണാനില്ലല്ലോ, എനിക്കതിൽ പോണ്ടതാണ്'.
മാസ്റ്റർ പറഞ്ഞു,
'വണ്ടി പോയല്ലോ, സ്റ്റാൻഡിൽ തിരക്കായ കാരണം വേഗം പോയി'
അത് കേട്ട് എൻറെ കിളി പോയി, ഞാൻ പറഞ്ഞു
'അയ്യോ പുറത്തു പോകുമ്പോ ഞാൻ കണ്ടക്റ്ററോട് പറഞ്ഞിരുന്നു, എന്റെ ബാഗും പൈസയും ഉണ്ട് അതിൽ, അവരുടെ ഫോണിൽ ഒന്ന് വിളിച്ചു പറയാമോ?'
മൂപ്പര് പറഞ്ഞു
'അവർ എടപ്പാൾ ഡിപ്പോയിൽ ഉള്ളവരാണ്, ഇവിടെ നമ്പർ ഇല്ല. ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല വേഗം ഒരു ടാക്സി പിടിച്ചു പിന്നാലെ വിട്ടോ!'
ഞാനോടി സ്റ്റേഷന് പുറത്തിറങ്ങി രണ്ടു മൂന്നു ടാക്സി നിർത്താതെ പോയി, റോഡിന്റെ അപ്പുറത്തു ടാക്സി സ്റ്റാൻഡിൽ ഒരു വണ്ടി കിടക്കുന്നു, അങ്ങോട്ട് പോയി, നോക്കിയപ്പോ മാമുക്കോയയെ പോലൊരു അമ്മാവൻ, പത്തറുപതു വയസ്സു കാണും , ഞാൻ കാര്യം പറഞ്ഞു, മൂപ്പര് ഇപ്പൊ വണ്ടി പിടിക്കാമെന്നു ഉറപ്പു പറഞ്ഞു, ഞാനതിൽ കയറി, പ്രൈവറ് ബസ് സ്റ്റാൻഡ് വഴിയാണ് പോകുന്നത്, വലിയ തിരക്കൊന്നുമില്ല അന്ന്, പക്ഷെ അമ്മാവൻ അമ്പതിൽ കൂട്ടിപ്പിടിക്കുന്നില്ല, ഞാൻ പറഞ്ഞു
'ഭായി ഇങ്ങള് ഇങ്ങനെ പോയാൽ നമുക്ക് വണ്ടി പിടിക്കാൻ പറ്റും എന്ന് തോന്നുന്നില്ല'
പുള്ളി ഫുൾ ത്രോട്ടിൽ വിട്ടു, എന്നാലും മാക്സിമം 60 - 65, ഒരു വിധം മണ്ണുത്തി ബെപാസ്സ്‌ എത്തി, അപ്പൊ അയാള് പറഞ്ഞു
'ഇനി ഒരു സത്യം പറയട്ടെ, എന്നെക്കൊണ്ട് ആ വണ്ടി പിടിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല'
ഞാൻ ചോദിച്ചു 'എന്റെ ഭായി ഇങ്ങൾക്കിതു ആദ്യം പറയായിരുന്നില്ലേ???'
മൂപ്പര് പറഞ്ഞു
'ഒരു വഴി ഉണ്ട് നമുക്ക് മണ്ണുത്തി പോലീസ് സ്റ്റേഷനിൽ പോയി പറയാം, അവരെന്തെങ്കിലും ചെയ്യും'
ഞാൻ പറഞ്ഞു ശരി അങ്ങോട്ട് വിട് .
അവിടെ ചെന്നപ്പോൾ കുറച്ചു പോലീസുകാർ മാത്രമേ ഉള്ളു, ഒരാൾ വയർലസ് ഓപ്പറേറ്റ് ചെയ്യുന്നു, ഭായി അയാളോട് കാര്യങ്ങൾ പറഞ്ഞു, പോലീസുകാരൻ ഉടനെ ഹൈവേ പട്രോളിനെ വിളിച്ചു, അവർ പറഞ്ഞു ആ ബസ് അഞ്ചു മിനിറ്റ് മുമ്പ് പാസ് ചെയ്തു പോയി!
കുറച്ചു സമയം ആലോചിച്ച ശേഷം പോലീസുകാരൻ പറഞ്ഞു,
'ഒരു കാര്യം ചെയ്യാം വടക്കഞ്ചേരി പോലീസിൽ വിളിക്കാം'
മൂപ്പര് വിളിച്ചു അവരോടു കാര്യങ്ങൾ പറഞ്ഞു, എന്നിട്ടു എന്റെ കയ്യിൽ ഫോൺ തന്നു,
'എഡോ ബാഗിന്റെ ഡീറ്റെയിൽസ് പറഞ്ഞു കൊടുക്ക്'
ഞാൻ ഫോൺ വാങ്ങി സംസാരിച്ചു
'സാറെ ബ്ലാക്ക് കളർ ബാഗ് ആണ്, മുൻപിൽ ജാൻസ്പോർട്ട് എന്നെഴുതിയിട്ടുണ്ട്, ഉള്ളിൽ കുറച്ചു തുണിയും, പിന്നെ ക്യാഷും ഉണ്ട്... ആ സാറെ വെക്കല്ലേ മുൻപിലെ സിപ്പിൽ കുറച്ചു CD യും ഉണ്ട്'
കയ്യിൽ കിട്ടിയാൽ തിരിച്ചുവിളിക്കാമെന്നും അപ്പൊ വന്നാൽ മതിയെന്നും പറഞ്ഞു പോലീസുകാരൻ ഫോൺ വെച്ചു.
ജാങ്കോ ഞാൻപെട്ടു !!! CD യുടെ കാര്യം പറയണ്ടായിരുന്നു, ധന നഷ്ടം സഹിക്കാം മാനഹാനി! വരുന്നിടത്തു വച്ച് കാണാമെന്നു കരുതി.
ഞാൻ ഭായിയോട് പറഞ്ഞു, 'ഇങ്ങള് വെയിറ്റ് ചെയ്യണ്ട'
അപ്പോൾ മൂപ്പര് പറഞ്ഞു
'വേണ്ട മോനെ, ബാഗ് കിട്ടാതെ ഇപ്പൊ എനിക്കും ഒരു സമാധാന ഇല്ല'
എനിക്ക് വിഷമം ആയി, ഞാൻ വീണ്ടും പറഞ്ഞു
'ഇങ്ങടെ ഓട്ടം കളയണ്ട ഭായി',
"ഒരു കുഴപ്പവുമില്ല, ഞാൻ വെയിറ്റ് ചെയ്യാം" എന്ന് മൂപ്പര് തിരിച്ചു പറഞ്ഞു.
ഞങ്ങൾ അങ്ങനെ ഒരോ കാര്യങ്ങൾ പറഞ്ഞു അവിടെ ബെഞ്ചിൽ ഇരുന്നു.
അര മണിക്കൂർ കഴിഞ്ഞു വടക്കഞ്ചേരി സ്റ്റേഷനിൽ നിന്നും കാൾ വന്നു, ആകാംക്ഷയുടെ മുൾമുനയിൽ നിൽക്കുന്ന ഞങ്ങളോട് പോലീസുകാരൻ പറഞ്ഞു,
'ബാഗ് കിട്ടി, വേഗം ചെല്ല്, അവിടെ എടുത്തു വെച്ചിട്ടുണ്ട്'
ഞങ്ങൾ ഹാപ്പി ആയി.
ഞാൻ ഭായിയോട് പറഞ്ഞു,
'വളരെ വളരെ നന്ദി, ഇങ്ങളില്ലായിരുന്നെങ്കിൽ ഇതൊന്നും നടക്കില്ലായിരുന്നു, അല്ല ഇത് വരെ ഇങ്ങടെ പേര് ഞാൻ ചോദിച്ചില്ല,
'ഞാൻ അബ്ദുട്ടി', മൂപ്പര് പറഞ്ഞു.
എത്രയായി എന്ന് ചോദിച്ചു, പൈസ എടുക്കാൻ പേഴ്‌സ് തപ്പിയപ്പോ കാണാനില്ല, അപ്പോഴാ ഓർത്തെ പേഴ്സും ബാഗിൽ ആണ്, എനിക്കാകെ സങ്കടം ആയി,
ഇക്ക പറഞ്ഞു
'നീ വിഷമിക്കേണ്ട മോനെ അത് സാരല്യ, പിന്നെ തന്നാൽ മതി.
അല്ല മോന് വടക്കഞ്ചേരി വരെ എത്താൻ പൈസ വേണ്ടേ?'
എന്നും പറഞ്ഞു പോക്കെറ്റിൽ നിന്നും അമ്പത് രൂപ എടുത്തു,
ഞാൻ കൈ പിടിച്ചു പറഞ്ഞു,
'ഇങ്ങള് ഈ ചെയ്തത് തന്നെ ഒരു മനുഷ്യൻ ചെയ്യില്ല, ഇത് വേണ്ട ഇക്ക'
അപ്പോഴേക്കും പോലീസുകാരൻ ചോദിച്ചു, എന്തെ പോണില്ല??
ഞാൻ പറഞ്ഞു
'സാറെ ഒരു പ്രശ്നമുണ്ട്, എന്റെ കയ്യിൽ പോവാൻ പൈസ ഇല്ല'
പുള്ളി എന്നേം കൂട്ടി റോഡിൽ വന്നു, ഒരു പാലക്കാട് ലിമിറ്റ് സ്റ്റോപ്പ് വരുന്നു, ഞാൻ തിരിഞ്ഞു ഇക്കയെ ഹഗ് ചെയ്തു പറഞ്ഞു
'അടുത്ത മാസം നാട്ടിൽ വരുമ്പോൾ, ഞാൻ വന്നു കാണാം'
അങ്ങനെ ഞാൻ വടക്കഞ്ചേരി സ്റ്റേഷനിൽ എത്തി, അവിടെ ചെന്നപ്പോൾ ഒടുവിൽ ഉണ്ണികൃഷ്ണനെ പോലെ രണ്ടു മൂന്നു പോലീസുകാർ, കുറച്ചു സമാധാനം ആയി, ഒരാളോട് ഞാൻ പറഞ്ഞു
'സാറേ, എന്റെ ഒരു ബാഗ് ഇവിടുണ്ട്, മണ്ണുത്തി സ്റ്റേഷനിൽ നിന്നും പറഞ്ഞിട്ട് വരുവാണ്‌'
'അത് താനാണോ, SI ഇപ്പൊ വരും, എന്നിട്ടു തരാം... '
രൂപം ഒടുവിലാന്റെ ആയിരുന്നെങ്കിലും ശബ്ദം ഭീമൻ രഘുവിന്റെ ആയിരുന്നു..
"ജാങ്കോ ഞാൻ വീണ്ടും പെട്ടു "
SI വന്നു, അപ്പോൾ ഹെഡ് കോൺസ്റ്റബിൾ പറഞ്ഞു,
'സാറെ ഇയാളാണയാൾ, ബാഗ്...'
പുള്ളി എന്നോട് പറഞ്ഞു,
'ബാഗൊക്കെ സൂക്ഷിച്ചു വെക്കേണ്ടടോ... എവിടാ ജോലി?'
ഞാൻ പറഞ്ഞു ബാംഗ്ലൂരിൽ ആണ്
ഏതാ കമ്പനി?
'വിപ്രോയിൽ ആണ് സാറെ'
പുള്ളി ബാഗ് ഓപ്പൺ ചെയ്തു, CD എടുത്തു ചോദിച്ചു
'ഇതെന്തു CD ആണെടോ?'
'സോഫ്റ്റ്‌വെയർ ആണ് സാറേ!' എന്ന് ഞാൻ പറഞ്ഞു (സത്യത്തിൽ ആ CD കുറച്ചു സോഫ്റ്റ്‌വെയർസ് ആയിരുന്നു, ഇംഗ്ലീഷ്, മലയാളം സോഫ്റ്റ്‌വെയർസ് എന്ന് എഴുതിയിട്ടും ഉണ്ടായിരുന്നു)
SI സാർ എന്നെ വിളിച്ചു ബാഗ് തന്നു പറഞ്ഞു,
'അപ്പൊ ശരി പൊയ്ക്കോ, ഇനിയെങ്കിലും സൂക്ഷിക്ക്'
സഹായിച്ച എല്ലാവരോടും മനസ്സിൽ നന്ദി പറഞ്ഞു ഞാൻ നടന്നു...
ബസ് മാറി മാറി ഞാൻ ഒരുവിധം ബാംഗ്ലൂരിൽ എത്തി.
ഞങ്ങൾ പുതിയ വീട്ടിൽ താമസം തുടങ്ങി, ഫുൾ അടിച്ചു പൊളി, അങ്ങനെ ഒരു മാസം കഴിഞ്ഞു, നാട്ടിൽ പോയി.
തൃശ്ശൂരിൽ രാവിലെ വണ്ടി ഇറങ്ങിയതും ഞാൻ ടാക്സി സ്റ്റാൻഡിൽ പോയി, അവിടെ കണ്ട ആളോട് ചോദിച്ചു
'ചേട്ടാ അബ്ദുട്ടിക്കയെ കണ്ടോ?'
പുള്ളി തിരിച്ചു ചോദിച്ചു ഏതു അബ്ദുട്ടിക്ക??
ഞാൻ പറഞ്ഞു 'ഇച്ചിരി വയസ്സായ, കഷണ്ടി ഒക്കെ ആയി...',
ആ ചേട്ടൻ പറഞ്ഞു, 'അങ്ങനെ ഒരു അബ്ദുട്ടി ഈ സ്റ്റാൻഡിൽ ഇല്ല!'
'അയ്യോ ഞാൻ ഇവിടെ ആണല്ലോ കണ്ടേ, കുറച്ചു ദിവസം മുമ്പ്?
'അതിപ്പോ, പുറമെ നിന്ന് ഓട്ടം വരുന്നവർ ഇവിടെ വണ്ടി കുറവാണേൽ ആ മൂലയ്ക്ക് നിർത്തിയിടും. എന്തായാലും റയിൽവേ സ്റ്റേഷനിൽ കൂടി ഒന്ന് പോയി നോക്ക്'
ഞാൻ അവിടെയും പോയി, അവിടെയും അങ്ങെനെ ഒരാളില്ല, എനിക്കാകെ സങ്കടം ആയി...
പിന്നെയും രണ്ടു മൂന്നു തവണ പോയി, എനിക്ക് കാണാൻ പറ്റിയില്ല... വര്ഷം ഇത്രയായി, ഇടക്കിടെ അബ്ദുട്ടിക്കയെ ഓർത്തു പോകും... ചിലപ്പോൾ കുറ്റ ബോധം വരും, കുറച്ചു കൂടി തിരയാമായിരുന്നു...
പിന്നെ വിചാരിക്കും, ചിലർ അങ്ങനെ ആണ്, മറ്റുള്ളവരെ സഹായിച്ചു അങ്ങ് മാഞ്ഞു പോകും... ദൂരേക്ക്‌..

Friday, October 16, 2015

Sunday, June 29, 2014

ഒരു പെനാൽട്ടി സ്റ്റോറി

ഫുട്ബോൾ മലയാളികള്ക്ക് ഒരു വീക്നെസ് ആണ് പ്രത്യേകിച്ച് മലപ്പുറത്ത്‌കാര്ക്ക്.. പൊന്നാനിയിലെ കുട്ടിക്കാലമാണ് എന്നെ ഒരു ഫുട്ബോൾ ഭ്രാന്തൻ ആക്കിയത്..

സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം വന്നാൽ ഞങ്ങക്ക് ജയിക്കും വരെ ഇരിക്കപ്പോറുതി ഇല്ല.. എങ്ങാനും തോറ്റാൽ ഒരു ദിവസത്തെ അവധി പോയി..

ഞാനോരുപക്ഷേ ആദ്യമായി കളിച്ച കളിയും ഫുട്ബാൾ തന്നെ... ഞങ്ങടെ വീട്ടിനടുത്തുള്ള ഒരു പറമ്പിലാണ് കളി, അതിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മൂമ്മ ഉണ്ടായിരുന്നു നാണിയമ്മ, അവര്ക്ക് ഒരു അരപ്പിരി കുറവാണ്... ഞങ്ങൾ എപ്പോ കളിക്കുമ്പോഴും അവർ തെറി വിളിക്കും..

 ഒരു ദിവസം എന്റെ കൂട്ടുകാരാൻ പ്രമോദ് അടിച്ച ഒരു അടി അറിയാതെ എന്റെ കയ്യിലൊന്നു തട്ടി, അപ്പൊ  അവര്ക്ക് പെനാൽട്ടി വേണം, ഞങ്ങൾ സമ്മതിച്ചില്ല, അടി പിടിയായി അവസാനം സമ്മതിച്ചു കൊടുക്കേണ്ടി വന്നു... അത് സംഭവിച്ചു! പ്രമോദ് അടിച്ച പന്ത് പറന്നു ചെന്ന് നാണിയമ്മ കഴികി വെച്ച 2-3 കലം ഉടച്ചു.. കലിതുള്ളി ഭദ്രകാളി മാതിരി നാണിയമ്മ ഓടി വരുന്നത് കണ്ടു ഞങ്ങൾ ഓടി.. പിന്നാലെ നാണിയമ്മ, അവർ പെനാൽടിയോട് സമാനമായ ഒരു വാക്ക് "മക്കളെ" എന്ന് ചേർത്ത് വിളിക്കുന്നണ്ടായിരുന്നു...

ഓട്ടത്തിൽ പ്രമോദ് എന്നോട് ചോദിച്ചു "എടാ കൃഷ്ണ, എന്താടാ ആ തള്ള പറയണേ?" ഞാൻ പറഞ്ഞു "എടാ അത് പെനാൽട്ടിയുടെ മലയാളം ആണെന്ന തോന്നണേ".. "ഹോ അപ്പൊ നാണിയമ്മക്കും ഫുട്ബാൾ അറിയാം" അവൻ പറഞ്ഞു. അങ്ങനെ അന്ന് മുതൽ ഞങ്ങൾ പെനാൽട്ടിയുടെ മലയാളം ഉപയോഗിക്കാൻ തുടങ്ങി!

അങ്ങനെ വീണ്ടുമൊരുനാൾ പ്രമോദിന് പെനാൽട്ടി കിട്ടി.. കളി കഴിഞ്ഞു ഞങ്ങൾ അവന്റെ വീട്ടിൽ ചെന്നപ്പോ അവിടെ നാട്ടിലെ മുതിർന്ന സഖാക്കൾ (including my father)  പരിപ്പ് വടയും കട്ടൻ ചായയും അടിച്ചു ബോറിസ് യെൽസിനെ തെറി പറഞ്ഞു ഇരിക്കുകയാണ്, അപ്പോഴാണ്‌ അവന് അവന്റെ മാസ്മരിക ഗോളിനെ കുറിച്ച് പറയാൻ സമയം കണ്ടത്....

അങ്ങനെ അവനത് പറഞ്ഞു! പരിപ്പ് വട സഖാക്കളുടെ തൊണ്ടയിൽ കുടുങ്ങി, പ്രമോദിന്റെ അച്ഛൻ ശശിമാഷുടെ മുഖം ജയനെ കണ്ട ജോസ് പ്രകാശിനെ പോലെയായി... സഖാക്കൾ പോയ ശേഷം ഞങ്ങൾ രണ്ടു പേര്ക്കും പൊതിരെ തല്ലു കിട്ടി..

1994 ലോകകപ്പ്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം, റോബർട്ടോ ബാജിയോ എന്ന ഇതിഹാസം കാരണം നമ്മൾ ഇറ്റലി ഫാൻസ്‌ ആയി. ഫൈനലിൽ അതെ ബാജിയോ അടിച്ച പെനാൽട്ടി കാലിഫോര്ണിയയിലെ പസദിന സ്റ്റേഡിയത്തിന്റെ  ഗാലറിയിലേക്ക് പരന്നപ്പോൾ ഞങ്ങടെ ചങ്ക് തകര്ന്നു.. അങ്ങനെ വീണ്ടും ഒരു പെനാൽട്ടി ഞങ്ങളെ കരയിപ്പിച്ചു.. അന്ന് തുടങ്ങിയതാ തിരുമേനി ബ്രസീലിനോടുള്ള കലിപ്പ്...

4 വര്ഷങ്ങല്ല് ശേഷം പാരിസിൽ സിദാന്റെ വെടിയുണ്ടകൾ ബ്രസീലിന്റെ നെഞ്ച് പിളര്തിയപ്പോ ഫ്രഞ്ച് കോച്ച് ഐമെൻ ജാകെറ്റ്നേക്കാൾ സന്തോഷിച്ചത്‌  ഒരു പക്ഷെ ഈ ഞങ്ങൾ ആയിരിക്കും.....

അങ്ങനെ 20 വര്ഷങ്ങള്ക്ക് ശേഷം 2014 ലും പെനാൽടി ഷൂട്ട്‌ഔട്ട്‌ എന്ന ഉടായിപ്പിലൂടെ അല്ലാതെ കളിച്ചു മുന്നേറാൻ തങ്ങൾക്കു കഴിയിലെന്നു ബ്രസീൽ നമ്മളെ ഓർമപ്പെടുത്തുന്നു...

Monday, February 16, 2009

Thursday, January 8, 2009

ആഗോള സാമ്പത്തിക മാന്ദ്യവും മാര്‍ക്സിസവും


ഇന്നലെ ഉച്ചക്ക് ഞാന്‍ ഊണ് കഴിക്കാന്‍ പോയപ്പോള്‍, ഹോട്ടലിലെ ഇക്ക പറഞ്ഞു "മോനേ, ഞങ്ങള്‍ ഈ മാസം കൂടിയേ ഇവിടെ കാണൂ....",
ഞാന്‍ ചോദിച്ചു "എന്തേ പെട്ടെന്ന്?"
ഇക്ക പറഞ്ഞു "ഇപ്പോഴേ
ആള്‍ക്കാര്‍ ആരും വരുന്നില്ല, വലിയ നഷ്ടത്തിലാണ് , ഇനി കുറച്ചു നാള്‍ കൂടി നിന്നാല്‍ ആകെ കുത്ത്പാളയെടുക്കേണ്ടി വരും"

ഞാന്‍ അതിശയിച്ചു പോയി, എല്ലാവരും മാന്ദ്യം എന്ന് പറയുമ്പോഴും അത് സാധാരണക്കാരെ ഇപ്രകാരം ബാധിക്കുന്നുവെന്ന് ഇപ്പോഴാണ് മനസിലായത്.

ആളുകള്‍ ചിലവ് ചുരുക്കുകയന്നോ? അതോ
ജോലിയില്ലാത്തതിനാല്‍ ഇവിടം വിട്ടു പോവുകയന്നോ? എന്തായാലും സ്ഥിതി വഷളായിക്കൊണ്ടിരിക്കുന്നു, ഇന്ത്യ എത്ര ഭദ്രമാന്നെനു പറഞ്ഞാലും ഇവിടെയും മാന്ദ്യത്തിന്റെ നിഴലുകള്‍ വീണു തുടങ്ങി. അത് സാധാരണക്കാരെ ബാധിച്ച് തുടങ്ങി.

ഇതിന് ആരാണ് ഉത്തരവാദി? തീര്‍ച്ചയായും കേന്ദ്ര ഗവണ്മെന്റ് തന്നെ. ഇന്ത്യന്‍ വിപണിയിലേക്ക് ഒരു നിയന്ത്രണവുമില്ലാതെ വിദേശ നിക്ഷേപം അനുവദിച്ച അവര്‍ അല്ലാതെ പിന്നെയാരാണ്?

നിക്ഷേപം നടത്തിയ വിദേശ കമ്പനികള്‍ നഷ്ടത്തിലായപ്പോള്‍ അവര്‍ ഇന്ത്യന്‍ കമ്പനികളിലെ നിക്ഷേപം തിരിച്ചെടുക്കുകയും അത് ഇന്ത്യന്‍ കമ്പനികളെ സാരമായി ബാധിക്കുകയും ചെയ്തു.

ഇനിയം അവര്‍ പാഠം ഉള്‍ക്കൊണ്ടിട്ടില്ല, ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപം ഉയര്‍ത്തി അവര്‍ അത് തെളിയിച്ചു. ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഇല്ലയിരുന്നെന്കില്‍ ഇന്ത്യ എപ്പോഴേ പാപ്പരായേനെ.
ആഗോളവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ഇനിയും നിയന്ത്രിചില്ലെന്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരും.

അമേരിക്കയിലെന്താണ് സംഭവിച്ചത്? അവിടെ സ്വകാര്യവല്‍കരണം ആണ് എല്ലാം തകിടം മരിച്ചത്. സ്ര്‍്ക്കാരിന് കമ്പനികള്‍്ക്ക്മേല്‍് ഒരു നിയന്ത്രണവുമില്ലാതെ പോയി, അവര്‍ തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്തപ്പോള്‍ സാമ്പത്തിക സ്ഥിതി തകര്‍ന്നു പോയി. ഇപ്പോഴും അമേരിക്കന്‍ മോഡല്‍ സാമ്പത്തിക പരിഷ്കരണം നടത്തുന്ന കേന്ദ്ര ഗവണ്മെന്റ് ഇതില്‍ നിന്നും പാഠം ഉള്‍്ക്കൊള്ളേന്ടതുന്ട് .

ഇവിടെയാണ്‌ മാര്‍ക്സിസത്തിന്റെ പ്രസക്തി. പണ്ടു സോവിയറ്റ് യൂണിയനിലും ക്യുബയിലും ഉണ്ടായിരുന്ന തികച്ചും യാഥാസ്തികമായ വ്യവസ്ഥിതിയല്ല, മറിച്ച്
ചൈനയുടേത് പോലെ കുറെ കൂടി പുരോഗനപരമായ ഒന്നാണ് വേണ്ടത്.

നിയന്ത്രിതമായ സ്വകാര്യ പന്കാളിത്തമാകാം ആകാം എന്നാല്‍ അമേരിക്കയിലേത്‌ പോലുള്ള സ്വകാര്യവല്‍കരണം ആകരുത് .

സ്വകര്യവല്‍കരണവും സ്വകാര്യ പന്കാളിത്തവും രണ്ടായി തന്നെ കാണണം. രാഷ്ട്ര നിര്‍മാണത്തിന് വേണ്ടി സ്വകര്യ സംരംഭകരുടെ സഹായം തേടുന്നതില്‍ തെറ്റില്ല, എന്നാല്‍ അമേരിക്ക ചെയ്തത് പോലെ എല്ലാം അവര്‍ക്ക് വിട്ടു കൊടുത്താല്‍ അതിന് വലിയ വില നല്‍കേണ്ടിവരും.

അമേരിക്കക്കാര്‍ അത് മനസിലാക്കി കഴിഞ്ഞു , സി എന്‍ എന്‍ കണക്ക് പ്രകാരം ഇപ്പോള്‍ അമേരിക്കയില്‍ ഏറ്റവും അധികം വിറ്റും പോകുന്നത് "ദാസ് കാപിറ്റലും"ഉം "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" യും ആയതില്‍ അതിശയിക്കേണ്ടതില്ല.

അത് കൊണ്ടു ഇന്ത്യയെ രക്ഷിക്കാന്‍ ഈ വരുന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നന്നിയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുവാന്‍ വിനീതമായി അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു,അപേക്ഷിച്ചുകൊള്ളുന്നു..........

ലാല്‍ സലാം!