Sunday, June 29, 2014

ഒരു പെനാൽട്ടി സ്റ്റോറി

ഫുട്ബോൾ മലയാളികള്ക്ക് ഒരു വീക്നെസ് ആണ് പ്രത്യേകിച്ച് മലപ്പുറത്ത്‌കാര്ക്ക്.. പൊന്നാനിയിലെ കുട്ടിക്കാലമാണ് എന്നെ ഒരു ഫുട്ബോൾ ഭ്രാന്തൻ ആക്കിയത്..

സന്തോഷ്‌ ട്രോഫി ഫൈനലിൽ കേരളം വന്നാൽ ഞങ്ങക്ക് ജയിക്കും വരെ ഇരിക്കപ്പോറുതി ഇല്ല.. എങ്ങാനും തോറ്റാൽ ഒരു ദിവസത്തെ അവധി പോയി..

ഞാനോരുപക്ഷേ ആദ്യമായി കളിച്ച കളിയും ഫുട്ബാൾ തന്നെ... ഞങ്ങടെ വീട്ടിനടുത്തുള്ള ഒരു പറമ്പിലാണ് കളി, അതിനടുത്ത് ഒറ്റയ്ക്ക് താമസിക്കുന്ന ഒരമ്മൂമ്മ ഉണ്ടായിരുന്നു നാണിയമ്മ, അവര്ക്ക് ഒരു അരപ്പിരി കുറവാണ്... ഞങ്ങൾ എപ്പോ കളിക്കുമ്പോഴും അവർ തെറി വിളിക്കും..

 ഒരു ദിവസം എന്റെ കൂട്ടുകാരാൻ പ്രമോദ് അടിച്ച ഒരു അടി അറിയാതെ എന്റെ കയ്യിലൊന്നു തട്ടി, അപ്പൊ  അവര്ക്ക് പെനാൽട്ടി വേണം, ഞങ്ങൾ സമ്മതിച്ചില്ല, അടി പിടിയായി അവസാനം സമ്മതിച്ചു കൊടുക്കേണ്ടി വന്നു... അത് സംഭവിച്ചു! പ്രമോദ് അടിച്ച പന്ത് പറന്നു ചെന്ന് നാണിയമ്മ കഴികി വെച്ച 2-3 കലം ഉടച്ചു.. കലിതുള്ളി ഭദ്രകാളി മാതിരി നാണിയമ്മ ഓടി വരുന്നത് കണ്ടു ഞങ്ങൾ ഓടി.. പിന്നാലെ നാണിയമ്മ, അവർ പെനാൽടിയോട് സമാനമായ ഒരു വാക്ക് "മക്കളെ" എന്ന് ചേർത്ത് വിളിക്കുന്നണ്ടായിരുന്നു...

ഓട്ടത്തിൽ പ്രമോദ് എന്നോട് ചോദിച്ചു "എടാ കൃഷ്ണ, എന്താടാ ആ തള്ള പറയണേ?" ഞാൻ പറഞ്ഞു "എടാ അത് പെനാൽട്ടിയുടെ മലയാളം ആണെന്ന തോന്നണേ".. "ഹോ അപ്പൊ നാണിയമ്മക്കും ഫുട്ബാൾ അറിയാം" അവൻ പറഞ്ഞു. അങ്ങനെ അന്ന് മുതൽ ഞങ്ങൾ പെനാൽട്ടിയുടെ മലയാളം ഉപയോഗിക്കാൻ തുടങ്ങി!

അങ്ങനെ വീണ്ടുമൊരുനാൾ പ്രമോദിന് പെനാൽട്ടി കിട്ടി.. കളി കഴിഞ്ഞു ഞങ്ങൾ അവന്റെ വീട്ടിൽ ചെന്നപ്പോ അവിടെ നാട്ടിലെ മുതിർന്ന സഖാക്കൾ (including my father)  പരിപ്പ് വടയും കട്ടൻ ചായയും അടിച്ചു ബോറിസ് യെൽസിനെ തെറി പറഞ്ഞു ഇരിക്കുകയാണ്, അപ്പോഴാണ്‌ അവന് അവന്റെ മാസ്മരിക ഗോളിനെ കുറിച്ച് പറയാൻ സമയം കണ്ടത്....

അങ്ങനെ അവനത് പറഞ്ഞു! പരിപ്പ് വട സഖാക്കളുടെ തൊണ്ടയിൽ കുടുങ്ങി, പ്രമോദിന്റെ അച്ഛൻ ശശിമാഷുടെ മുഖം ജയനെ കണ്ട ജോസ് പ്രകാശിനെ പോലെയായി... സഖാക്കൾ പോയ ശേഷം ഞങ്ങൾ രണ്ടു പേര്ക്കും പൊതിരെ തല്ലു കിട്ടി..

1994 ലോകകപ്പ്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയം, റോബർട്ടോ ബാജിയോ എന്ന ഇതിഹാസം കാരണം നമ്മൾ ഇറ്റലി ഫാൻസ്‌ ആയി. ഫൈനലിൽ അതെ ബാജിയോ അടിച്ച പെനാൽട്ടി കാലിഫോര്ണിയയിലെ പസദിന സ്റ്റേഡിയത്തിന്റെ  ഗാലറിയിലേക്ക് പരന്നപ്പോൾ ഞങ്ങടെ ചങ്ക് തകര്ന്നു.. അങ്ങനെ വീണ്ടും ഒരു പെനാൽട്ടി ഞങ്ങളെ കരയിപ്പിച്ചു.. അന്ന് തുടങ്ങിയതാ തിരുമേനി ബ്രസീലിനോടുള്ള കലിപ്പ്...

4 വര്ഷങ്ങല്ല് ശേഷം പാരിസിൽ സിദാന്റെ വെടിയുണ്ടകൾ ബ്രസീലിന്റെ നെഞ്ച് പിളര്തിയപ്പോ ഫ്രഞ്ച് കോച്ച് ഐമെൻ ജാകെറ്റ്നേക്കാൾ സന്തോഷിച്ചത്‌  ഒരു പക്ഷെ ഈ ഞങ്ങൾ ആയിരിക്കും.....

അങ്ങനെ 20 വര്ഷങ്ങള്ക്ക് ശേഷം 2014 ലും പെനാൽടി ഷൂട്ട്‌ഔട്ട്‌ എന്ന ഉടായിപ്പിലൂടെ അല്ലാതെ കളിച്ചു മുന്നേറാൻ തങ്ങൾക്കു കഴിയിലെന്നു ബ്രസീൽ നമ്മളെ ഓർമപ്പെടുത്തുന്നു...